പശ്ചിമ ബംഗാളില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ നടപടികള്‍ കാരണം സമ്മര്‍ദത്തിലായിരു ന്നുവെന്ന് ആരോപിച്ചു കുടുംബം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. എസ്‌ഐആര്‍ സമ്മര്‍ദം കാരണം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്നും ഇതേത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു. പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ള ഖാതൂണ്‍ കാസി (40) എന്ന യുവതിയാണ് വെള്ളിയാഴ്ച രാത്രി തീകൊളുത്തി മരിച്ചത്.

2022-ലെ വോട്ടര്‍ പട്ടികയില്‍ മുസ്താര കാസിയുടെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും, നിലവിലെ എസ്‌ഐആര്‍ നടപടിയില്‍ തന്റെ പേര് ഒഴിവാക്കപ്പെടുമോ എന്ന ഭയം കടുത്ത ഉത്കണ്ഠയ്ക്ക് കാരണമായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മുസ്താരയുടെ കുടുംബം കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി. എസ്‌ഐആറിനെക്കുറിച്ചുള്ള ഭയമാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും, അവളുടെ മരണത്തിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്നും മുസ്താരയുടെ ബന്ധുവായ കാസി സബീറുള്‍ ഇസ്ലാം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി സായോനി ഘോഷ് ശനിയാഴ്ച രാത്രി മുസ്താരയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. സായോനി ഘോഷും സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി. എസ്‌ഐആര്‍ നടപടി മൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാല് ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 40 പേര്‍ മരിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

അതേസമയം പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികാ ശുദ്ധീകരണ നടപടിയായ എസ്‌ഐആറിന്റെ ആദ്യ ഘട്ടം അവസാനിക്കുകയാണ്. നവംബര്‍ 29 വരെ, നിലവിലെ പട്ടികയിലുണ്ടായിരുന്ന 18.70 ലക്ഷം മരിച്ച വോട്ടര്‍മാരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി ഈ നടപടിയെ 'വോട്ട്ബന്ദി' (വോട്ട് നിരോധനം) എന്ന് വിശേഷിപ്പിക്കുകയും, വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 1 തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News