ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35) ജാമ്യാപേക്ഷയാണ് തള്ളിയത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. തന്റെ സുഹൃത്തും അയല്‍ക്കാരിയുമായ യുവതിയുമായി ഭര്‍ത്താവ് ശാരീരികബന്ധം പുലര്‍ത്തുന്നത് യുവതി നേരില്‍ കാണുകയായിരുന്നു. ഇതോടെ,  ബന്ധുക്കളുടെ മുമ്പില്‍ വച്ച് വഴക്കും ബഹളവുമുണ്ടായി. ഇതേ തുടര്‍ന്ന് കനത്ത മാനസിക വിഷമത്തിലും സമ്മര്‍ദത്തിലുമായ യുവതി ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ചേലക്കര പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി രമേഷിനെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന്  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യത്തിന് സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചുമാണ് ജാമ്യാപേക്ഷ തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News