ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സർവീസ് സ്റ്റേഷന് തീയിട്ട സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്‍റെ നിരാശ അല്പം വ്യത്യസ്തമായ രീതിയിൽ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള ഏറ്റവും മോശം ഇലക്ട്രിക് വെഹിക്കിൾ ഒലയാണന്നും ആരും ഈ വാഹനം വാങ്ങരുതെന്നും എഴുതിയ പ്ലക്കാർഡ് തന്‍റെ സ്കൂട്ടറിൽ സ്ഥാപിച്ചാണ് യുവതിയുടെ പ്രതിഷേധ യാത്ര. ബെംഗളൂരു നിവാസിയായ നിഷ ഗൗരിയാണ് ഇത്തരത്തിൽ ഒരു നിരാശാപ്രകടനം കമ്പനിക്കെതിരെ നടത്തിയിരിക്കുന്നത്.
“പ്രിയപ്പെട്ട കന്നഡിഗേ, ഓല ഉപയോഗശൂന്യമായ ഇരുചക്ര വാഹനമാണ്. നിങ്ങൾ ഈ വാഹനം വാങ്ങിയാൽ അത് നിങ്ങളുടെ ജീവിതം ദുരിത പൂർവ്വമാക്കും. ദയവായി ആരും ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങരുത്” എന്ന് ഇംഗ്ലീഷും കന്നടയും ചേര്‍ത്തെഴുതിയ പ്ലക്കാർഡാണ് ഗൗരി സ്കൂട്ടറിൽ സ്ഥാപിച്ചത്. ബോർഡോടുകൂടിയ തന്‍റെ സ്കൂട്ടറിന്‍റെ ഫോട്ടോ ഗൗരി എക്സിൽ പങ്കുവച്ചതോടെ പോസ്റ്റ് വളരെ വേഗത്തിൽ ശ്രദ്ധ നേടുകയും ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഗുണനിലവാരത്തെയും സേവനത്തെയും കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു.
സോഫ്റ്റ്‌വെയർ തകരാറുകൾ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളിൽ നിന്നാണ് തന്‍റെ ഒല സ്‌കൂട്ടറുമായി ബന്ധപ്പെട്ട നിരാശകൾ ഉടലെടുത്തതെന്നാണ് ഗൗരി പറയുന്നത്. പണം മുഴുവൻ അടച്ചിട്ടും ഒരു മാസത്തിലേറെ തനിക്ക് സ്കൂട്ടർ കാത്ത് നിൽക്കേണ്ടി വന്നുവെന്നും ഗൗരി കൂട്ടിച്ചേർത്തു. പോസ്റ്റ് വൈറൽ ആയതോടെ ഇതിലും മികച്ചൊരു റിവ്യൂ ഒലയ്ക്ക് കിട്ടാനില്ലെന്നായിരുന്നു നിരവധി പേർ അഭിപ്രായപ്പെട്ടത്. ഇത്രയും മികച്ച പ്രതികരണം നടത്തിയ യുവതി അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.