കൊല്ലം: ഉറങ്ങിക്കിടന്ന അമ്മായിയമ്മയെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിനതടവ്. പുത്തൂര്‍ പൊങ്ങന്‍പാറ ആമ്പാടിയില്‍ വീട്ടില്‍ രമണിയമ്മ(69)യെ കൊലപ്പെടുത്തിയ കേസിലാണ് മരുമകള്‍ ഗിരിതകുമാരി(45)യെ ശിക്ഷിച്ചുകൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് ഉത്തരവായത്.
2019 ഡിസംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം. രമണിയമ്മ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുന്ന സമയം വലിയ പാറക്കല്ല് കൊണ്ടുവന്ന് മുഖത്തും തലയിലും ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രമണിയമ്മയുടെ ഇളയ മകനായ വിമല്‍കുമാറിന്റെ ഭാര്യയാണ് പ്രതി. പ്രതിക്ക് അയല്‍വാസിയുമായുള്ള അടുപ്പം ചോദ്യംചെയ്തതിലെ വിരോധത്താല്‍ മുറ്റത്തുകിടന്ന പാറക്കല്ല് സഞ്ചിയിലാക്കി കൊണ്ടുവന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നെന്ന് കേസില്‍ പറയുന്നു.
നിലവിളികേട്ട് ഓടിവന്ന ഭര്‍ത്താവ് ചന്ദ്രശേഖരപിള്ളയും മറ്റുള്ളവരും ചേര്‍ന്ന് രമണിയമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഒന്നാംസാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങുംമുന്‍പ് മരിച്ചു. അടുത്ത ബന്ധുക്കള്‍ സാക്ഷിയായ കേസില്‍ പ്രതിയുടെ ഭര്‍ത്താവ് വിമല്‍കുമാര്‍ പ്രതിഭാഗത്തേക്ക് കൂറുമാറി. സംഭവത്തിനുശേഷം വിമല്‍കുമാര്‍, ഭാര്യയില്‍നിന്ന് വിവാഹമോചനം നേടാന്‍ കുടുംബകോടതിയില്‍ കൊടുത്ത കേസില്‍ പ്രതിക്ക് അയല്‍വാസിയുമായി അടുപ്പമുള്ളതായി ആരോപിച്ചത് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സാഹചര്യത്തെളിവുകളും ദൃക്സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
പുത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്.അരുണ്‍, ശൈലേഷ് കുമാര്‍, എസ്.ഐ. രതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍ ഹാജരായി. വനിതാ സി.പി.ഒ. ദീപ്തി പ്രോസിക്യൂഷന്‍ സഹായിയായി.