ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചു; കേസ് എടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ പ്രീതികുളങ്ങരയിൽ പ്രാദേശിക ക്ലബ് നടത്തിയ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുടുംബം മണ്ണഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട് . രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം നടന്നതെന്നാണ് കരുതപ്പെടുന്നത്. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടിൽ എത്തിയപ്പോൾ മാത്രമേ നഴ്സിങ് വിദ്യാർത്ഥിയായ പെൺകുട്ടി അറിഞ്ഞുള്ളൂ.

ആരാണിത് ചെയ്തതെന്ന് യുവതിക്കും വീട്ടുകാർക്കും വ്യക്തമല്ല. എപ്പോഴാണ് മുടി മുറിച്ചതെന്നും അറിയില്ല. തദ്ദേശവാസികളാണ് ക്ളബ്ബിന്റെ പരിപാടിയിൽ കൂടുതലും പങ്കെടുത്തതെന്നാണ് ലഭ്യമായ വിവരം . അതിനാൽ തന്നെ കൃത്യം ചെയ്തത് പുറത്തുനിന്നുള്ളവരാകാൻ സാദ്ധ്യത കുറവാണെന്ന് പൊലീസ് പറയുന്നു. കുടുംബത്തോട് വൈരാഗ്യം ഉള്ള ആരെങ്കിലുമാണോ കൃത്യം ചെയ്തത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ആഘോഷങ്ങൾ നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്ന് കുടുംബം സംശയിക്കുന്നുണ്ട് . മദ്യപിച്ച് എത്തിയ ആളോട് മാറി നില്ക്കാൻ പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ചെയ്തതാണോ എന്നാണ് സംശയിക്കുന്നത്. കുടുംബത്തിന്റെ പരാതിയിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News