കോഴിക്കോട്:ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വീര്യമ്പ്രത്ത് വാടക വീട്ടിലെത്തിയ മലപ്പുറം സ്വദേശിനിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു(32)വാണ് മരിച്ചത്.
താജുദ്ദീന്‍ വാടകക്ക് താമസിക്കുന്ന വീര്യമ്പ്രത്തെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് ഉമ്മുകുല്‍സു എത്തിയത്. രാത്രിയോടെ മുറിവേറ്റ നിലയില്‍ അവശയായ ഇവരെ നന്‍മണ്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഭര്‍ത്താവ് താജുദ്ദീന്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ നിവരധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്ന നസീർ(7), ഷഫീൻ ജഹാൻ(2) എന്നിവർ ഉമ്മുകുൽസുവിന്‍റെ മക്കളാണ്.
അതിനിടെ മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി എക്സൈസ് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനും സംഘവും പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് യുവതിയെ പിടികൂടിയത്.
പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി പ്രവീണ്‍ ഐസക്ക്, വി പി അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്‍, പി സന്തോഷും പരിശോധനയില്‍ പങ്കെടുത്തു.