26.7 C
Kottayam
Monday, May 6, 2024

ഫോണ്‍ റീചാര്‍ജ് ചെയ്തപ്പോള്‍ 239 രൂപ നഷ്ടമായി; പരാതിപ്പെട്ട ഡോക്ടര്‍ക്ക് നഷ്ടമായത് 39,000 രൂപ! ലോക്ക് ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ തട്ടിപ്പ്

Must read

കണ്ണൂര്‍: കൊറോണ കാലത്തും കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസം ബാലുശ്ശേരി ഉണ്ണികുളം ഇയ്യാട് സ്വദേശിനിയായ ഡോ. ഷര്‍മിളക്ക് 39,000 രൂപയാണ് സൈബര്‍ ഹാക്കിങ്ങിലൂടെ നഷ്ടമായത്. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്തതിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതോടെയാണ് ഷര്‍മ്മിളക്ക് ഇത്രയും വലിയൊരു തുക നഷ്ടമായത്.

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവാണെന്നു പരിചയപ്പെടുത്തി വിളിച്ച ആളാണ് ആയുര്‍വേദ ഡോക്ടറുടെ അക്കൗണ്ടില്‍നിന്ന് 39,000 രൂപ തട്ടിയെടുത്തത്. സംഭവത്തെ തുടര്‍ന്ന് ബാലുശ്ശേരി പോലീസിലും ബാലുശ്ശേരി എസ്.ബി.ഐ. മാനേജര്‍ക്കും തട്ടിപ്പിനിരയായ ഡോക്ടര്‍ പരാതിനല്‍കിയിട്ടുണ്ട്.

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ആപ്പ് വഴി ഫോണ്‍ റീച്ചാര്‍ജ് ചെയ്ത ഡോക്ടര്‍ക്ക് ആദ്യം നഷ്ടമായത് 239 രൂപയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ നോഡല്‍ ഓഫീസര്‍ക്ക് പരാതിനല്‍കിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് ട്വിറ്ററില്‍ വീണ്ടും പരാതി മെസേജ് ആയി അയച്ചു.

ഇതോടെ 10 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് മറുപടിയും എത്തി. അടുത്തദിവസം ഡോക്ടറുടെ ഫോണിലേക്ക് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ എക്സ്‌ക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാന്‍ ക്യുക് സപ്പോര്‍ട്ട് എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

അപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അതുവഴി ഹാക്കര്‍ അക്കൗണ്ടിന്റെ യു.പി.ഐ. ഐ.ഡി.യും പാസ്വേഡും കൈക്കലാക്കി പണം തട്ടുകയുമായിരുന്നെന്നാണ് ഡോ. ഷര്‍മിളയുടെ പരാതി. ബാലുശ്ശേരി എസ്.ബി.ഐ. ബ്രാഞ്ച് അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 39,000 രൂപ നഷ്ടമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week