ക്രൈസ്റ്റ് ചർച്ച് : പല കാരണങ്ങൾ കൊണ്ടും കാമുകനും കാമുകിയും തമ്മിൽ വഴക്കുകൾ ഉണ്ടാവാറുണ്ട്. ചില വലിയ പ്രശ്നങ്ങൾ, അതിക്രമങ്ങൾ ഒക്കെ കോടതിയിലും എത്താറുണ്ട്. എന്നാൽ, ന്യൂസിലാൻഡിൽ നിന്നുള്ള ഈ യുവാവും യുവതിയും തമ്മിലുള്ള പ്രശ്നം കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാം.
യുവതിയെ എയർപോർട്ടിലെത്തിക്കാം എന്നേറ്റതാണ് കാമുകൻ. എന്നാൽ, അയാൾ സമയത്തിന് യുവതിയെ എയർപോർട്ടിലെത്തിച്ചില്ല. അതിനാൽ, അവളുടെ വിമാനവും പോയി. ഇതോടെ കാമുകൻ തനിക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത് എന്ന് ഇന്ത്യാ ടൈംസ് എഴുതുന്നു.
ആറുവർഷമായി യുവാവുമായി താൻ പ്രണയത്തിലാണ്. ഇയാൾ തന്നെ വിമാനത്താവളത്തിൽ സമയത്തിനെത്തിക്കാം എന്ന് വാക്കാൽ സമ്മതിച്ചതാണ് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ, അയാൾ അത് ചെയ്തില്ല. പിന്നാലെ തനിക്ക് ഫ്ലൈറ്റ് മിസ്സായി. അടുത്ത ദിവസം മറ്റൊരാളെ തന്നെ എയർപോർട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്യേണ്ടി വന്നു.
ഇതുകൊണ്ടായില്ല, തനിക്ക് യുവാവ് കാരണം വേറെയും സാമ്പത്തികനഷ്ടമുണ്ടായി. താൻ ഇവിടെ നിന്നും മാറിനിൽക്കുന്ന സമയത്ത് യുവാവ് തന്റെ വീട്ടിൽ താമസിക്കാമെന്നും നായകളെ നോക്കാമെന്നും ഉറപ്പ് പറഞ്ഞിരുന്നു. എന്നാൽ, യുവാവ് അത് ചെയ്തില്ല. പിന്നാലെ നായകളെ തനിക്ക് മറ്റൊരിടത്ത് ഏല്പിക്കേണ്ടി വന്നു. അതിനും തനിക്ക് പണം ചെലവായി എന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഇനി ഈ വിഷയത്തിൽ കോടതിക്ക് എന്താണ് പറയാനുണ്ടായിരുന്നതെന്നോ? കോടതി പറഞ്ഞത്, പങ്കാളികളും സുഹൃത്തുക്കളും തമ്മിൽ ഇത്തരം വാക്കാലുള്ള വാഗ്ദ്ധാനങ്ങൾ ഉണ്ടാവാറുണ്ട്. അത് ലംഘിച്ചാൽ ചിലപ്പോൾ നഷ്ടവുമുണ്ടാകാം. എന്നാൽ, അത് കരാർ അല്ലാത്തതിനാൽ തന്നെ കോടതിക്ക് അതിൽ ഒന്നും ചെയ്യാനാവില്ല എന്നും നഷ്ടപരിഹാരം നൽകാനാവില്ല എന്നുമാണ്.