പെരിന്തൽമണ്ണ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ വയോധികയെ(old woman) കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച(Murder attemp) സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത്(Perinthalmanna) എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള(44)യെയാണ് അറസ്റ്റുചെയ്തത്. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവി(67)യെയാണ് പ്രമീള കിണറ്റിൽ തള്ളിയിട്ടത്.
വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കിണറ്റില്‍ നിന്നും മറിയം ബീവിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽ നിന്നും പ്രമീള വായ്പ വാങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്ന് പറഞ്ഞു.
സംഭവദിവസം രാവിലെ പണം നൽകാമെന്ന് പറഞ്ഞ് സംഭവസ്ഥലത്തേക്ക് മറിയം ബീവിയെ എത്തിച്ചു. പണം ലഭിക്കുമെന്ന് വിശ്വസിച്ചെത്തിയ മറിയം ബീവിയെ കിണറിനടുത്തെത്തിയപ്പോൾ പ്രമീള തള്ളിയിടുകയായിരുന്നു. വയോധിക കിണറിന്റെ മോട്ടോർ കയറിൽ തൂങ്ങി നിന്നതോടെ കയർ മുറിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു.
അപ്പോഴേക്കും നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് പ്രമീളയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. സി.കെ. നൗഷാദ് ആണ് പ്രമീളയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി സ്വമേധയാ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുരേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.