ഇന്ത്യ – ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. 20 സൈനികരെങ്കിലും സംഘർഷത്തിൽ വീരമൃത്യു വരിച്ചു എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം സർക്കാർ വൃത്തങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെയാണ് പുതിയ വിവരം പുറത്തുവരുന്നത്.
ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകൾ നിരവധി കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയർ ലിഫ്റ്റ് ചെയ്യാൻ വേണ്ടി എത്തിയതാണെന്നാണ് സൂചനയെന്നും, എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎൻ കുമാർ ഓഝ എന്നിവർക്കാണ് ജീവൻ നഷ്ടമായത് എന്നാണ് ഇതുവരെ ഔദ്യോഗികമായി കരസേന നൽകുന്ന വിവരം.
അതേ സമയം കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം വിമർശിച്ചു. നിയന്ത്രണ രേഖ മറികടക്കാൻ ചൈന ശ്രമിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജൂൺ ആറിന് ഇരുരാജ്യങ്ങളും സൈനിക തലത്തിൽ നടത്തിയ ചർച്ചകളിൽ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ധാരണ ലംഘിച്ചത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ചൈനീസ് സേന ഏകപക്ഷീയമായി ഇന്ത്യൻ ഭാഗത്തേക്ക് വന്നതുകൊണ്ടും ഇന്ത്യയുമായുണ്ടാക്കിയ സമവായം ലംഘിച്ചതുകൊണ്ടുമാണ് പ്രശ്നങ്ങളുണ്ടായതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.
സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുഭാഗങ്ങളിലും ആൾനാശം സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.