ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ , ഭാര്യയുടെ കുളിമുറി ദൃശ്യം തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച സന്ദീപ് എന്ന യുവാവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യയുടെ പരാതിയിലാണ് നടപടി. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെയാണ് യുവാവ് പകർത്തിയത്. ഈ വീഡിയോ പിന്നീട് ഫെയ്സ്ബുക്കിൽ ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സന്ദീപ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാല്‍ ഫോളോവേഴ് കുറവായിരുന്നത് ഇയാലെ നിരാശപ്പെടുത്തിയിരുന്നു. എങ്ങിനെയും ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം എന്ന ചിന്തയിലാണ് ഭാര്യയുടെ കുളിമുറി ദൃശ്യം ഇയാള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സന്ദീപും യുവതിയും തമ്മിലുള്ള വിവാഹം മൂന്ന് വര്‍ഷം മുമ്പാണ് കഴിഞ്ഞത്. ആ സമയത്ത് സന്ദീപ് ദില്ലിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ദില്ലിയില്‍ നിന്നും സന്ദീപ് ഒരിക്കൽ ഭാര്യയെ വിഡിയോ കോൾ ചെയ്ത സമയത്ത് അവർ കുളിക്കുകയായിരുന്നു. വീഡിയോ കോൾ ഓണായിരുന്നതിനാൽ സന്ദീപ് ഭാര്യ കുളിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് തന്‍റെ മൊബൈല്‍ ഫോണിൽ സൂക്ഷിച്ചു. ഇത് യുവതി അറിഞ്ഞിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ അഡിക്ടായ യുവാവ് ഫെയ്സ്ബുക്കിൽ കൂടുതൽ ഫോളോവേഴ്സിനെ കണ്ടെത്തുന്നതിനായി പല വഴികളും നോക്കിയങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇയാള്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോയെ യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിനെ വിളിച്ചു. എന്നാല്‍ സന്ദീപ് വീഡിയോ നീക്കം ചെയ്തില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യയുടെ ആവശ്യം സന്ദീപ് ചെവിക്കൊണ്ടില്ല. ഇതിനികം വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു.
തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിത്. ഭാര്യ പരാതി നൽകിയെന്ന് അറിഞ്ഞതോടെ സന്ദീപ് വീഡിയോ ഡിലീറ്റ് ചെയ്തു, കേസാകുമെന്ന് ഉറപ്പായതോടെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍ വീഡിയോ നിരവധി ആളുകള്‍ കണ്ടതായും ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റൺവിജയ് സിങ് വ്യക്തമാക്കി. ഭാര്യയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായി നാല് പേരെ റിപ്പര്‍ മോഡലില്‍ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തിനിടെ 4 പേരെ ക്രൂരമായി വധിച്ച കൊലയാളി ശിവപ്രസാദ് ധുർവെയെ (18) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ജീവനക്കാരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പ്രശസ്തനാവാനായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
സാഗര്‍ ജില്ലയിലായിരുന്നു ശിവപ്രസാദ് തന്‍റെ ആദ്യ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത്. ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അമ്പത് വയസുള്ള കല്യാൺ ലോധി, ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ അറപതുവയസുകാരൻ ശംഭു നാരായൺ ദുബെ, ഒരു വീടിന്‍റെ കാവൽ ജോലി ചെയ്തിരുന്ന മംഗൾ അഹിർവാര്‍ എന്നിവരെയാണ് പ്രതി കൊല്ലപ്പെടുത്തിയത്. കാവൽക്കാർ രാത്രിയിൽ ഉറങ്ങുന്നതിനിടെ ചുറ്റികകൊണ്ടും കല്ലുകൊണ്ടും വടികൊണ്ടും തലതകർത്തായിരുന്നു കൊലപാതകം.
നാലാമത്തെ കൊലപാതകം നടത്തിയതിന് പിന്നാലെയാണ് ശിവപ്രസാദ് ധുർവെയെ പൊലീസ് പിടികൂടിയത്. ഭോപ്പാലിലെ ഒരു സുരക്ഷാ ജീവനക്കാരനെയാണ് യുവാവ് കൊലപ്പെടുത്തിയത്. സാഗറിൽ കൊലപ്പെടുത്തിയ ആളിൽനിന്ന് ശിവപ്രസാദ് മോഷ്ടിച്ചിരുന്നു. ഈ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ കൊറേഗാവിൽ ഹോട്ടൽ ജോലിക്കാരനായി ജോലി ചെയ്തിരുന്നപ്പോൾ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍. ഇതിനിടെ സോഷ്യല്‍ മീഡിയയിലെ വീഡിയോകളും സിനിമകളുമാണ് തന്നെ സ്വാധീനിച്ചതെന്നും പ്രശസ്തനാവാനായാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ മെയ്മാസത്തിലും ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. പാലം നിർമ്മാണത്തിന്‍റെ വാച്ച്മാനായിരുന്ന ഉത്തം രാജക് എന്നയാൾ ആണ് തലയ്ക്കടിയേറ്റ് മരണപ്പെട്ടത്. കൊലപാതകത്തിന്‍റെ സ്വഭാവം ശിവപ്രസാദിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുടരെത്തുടരെയുണ്ടായ കൊലപാതക പരമ്പര മധ്യപ്രദേശിലെ ജനങ്ങളെ ആകെ പരിഭ്രാന്തരാക്കിയിരുന്നു. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതോടെ ജനങ്ങളും ജാഗരൂകരായിരുന്നു. ഇതിനിടയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മറ്റ് കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.