കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ നിര്‍ണായക തെളിവുകളുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച മുംബൈ ലാബില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകള്‍ പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്.
ആറ് ഫോണുകളിലേയും വിവരങ്ങള്‍ ആദ്യം ഒരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ലാബ് അധികൃതര്‍ മാറ്റിയിരുന്നു. അതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിനു പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയ തെളിവുകളും ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കും.
തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ലാബിനെതിരെ ഏതു തരത്തില്‍ നടപടിയെടുക്കാം എന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ ഡേറ്റകള്‍ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുംബൈ ലാബില്‍ കൊണ്ടുപോയി വിവരങ്ങള്‍ നീക്കിയ ശേഷമാണ് ഫോണുകള്‍ കോടതിക്ക് കൈമാറിയെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.
ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയില്‍ വെച്ച് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ മുംബൈയിലെ ലാബ് ഉടമയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. നാലു ഫോണുകളിലെയും ചില ഫയലുകള്‍ നീക്കം ചെയ്തു. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ് അന്വേഷണസംഘത്തെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കു മുന്‍പും അഭിഭാഷകര്‍ ലാബില്‍ പോയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.