24.7 C
Kottayam
Sunday, May 19, 2024

കെ.വി തോമസിന് ക്യാബിനറ്റ് പദവി;ഡല്‍ഹിയില്‍  സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി

Must read

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

എ. സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി തോമസിന് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്. കേരളത്തിന്റെ പ്രതിനിധിയായി സമ്പത്തിനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും അടക്കം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവര്‍ത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.

നിലവില്‍ ഇതേ ജോലികള്‍ക്കായി കേരളത്തിന്റെ രണ്ട് പ്രതിനിധികള്‍ ഡല്‍ഹിയിലുണ്ട്. ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കേരള ഹൗസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. ഈ രണ്ട് പേര്‍ക്ക് പുറമെയാണ് കെ.വി തോമസിന്റെ നിയമനം.

കെ.വി തോമസിന് പദവികള്‍ നല്‍കാന്‍ സാധ്യതകള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉത്തരവ് വരുന്നതോടു കൂടി മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്‍റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു. കെ വി തോമസിന്‍റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week