കുവൈത്ത്: കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തല്‍. കുവൈത്ത് അഗ്നിരക്ഷാസേനയുടെ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടിത്തില്‍ 24-മലയാളികളുള്‍പ്പെടെ 50 പേരാണ് മരിച്ചത്.
സംഭവത്തില്‍ കെട്ടിട ഉടമ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍, കെട്ടിട ഉടമ, കമ്പനിയിലെ ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ചു. ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ എത്തിച്ചത്. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്‍റെ മൃതദേഹം മുംബൈയിൽ എത്തിക്കും.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഈജിപ്തുകാരനായ സുരക്ഷാജീവനക്കാരന്റെ മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്.