പെൺകുട്ടികൾക്ക് വാട്‌സാപ്പിൽ ഹാർട്ട് ഇമോജികൾ അയക്കുന്നത് കുറ്റകരമാക്കി കുവൈത്തും സൗദിയും

ദുബായ്: വാട്‌സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ കുവൈത്തിലും സൗദി അറേബ്യയിലും കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകര്‍.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്ന കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു.

സൗദിയിലും വാട്‌സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ ജയില്‍വാസം ലഭിക്കും. സൗദി നിയമമനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും.

സൗദി സൈബര്‍ ക്രൈം വിദഗ്ധര്‍ പറയുന്നതുപ്രകാരം വാട്‌സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളില്‍ പീഡനം ആയാണ് കണക്കാക്കുന്നത്.

പല വാട്‌സാപ്പ്, ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ക്കിടയിലും ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പദപ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന കേസായി മാറിയേക്കാമെന്ന് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി പറയുന്നു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ മൂന്ന് ലക്ഷം സൗദി റിയാലായും പരമാവധി അഞ്ച് വര്‍ഷം വരെ തടവും ലഭിച്ചേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News