കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് കിണര്‍ ഇടിച്ചു നിരത്തിയാണ് ആനയെ കിണറ്റില്‍ നിന്ന് കയറ്റിയത്. നേര്യമംഗലം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലക സംഘവും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.
പിണവൂര്‍കുടി ആദിവാസി കോളനിയില്‍ പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം എത്തിയത്. അതിനിടെ കൂട്ടം തെറ്റിയ പിടിയാന കോളനിയിലെ ഗോപാലകൃഷ്ണന്റെ റബര്‍ തോട്ടത്തിലുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ഏകദേശം പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് കിണറ്റില്‍ വീണത്. വനപാലകരും പ്രദേശവാസികളും മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കിണറ്റില്‍ നിന്ന് കയറ്റിയത്.
രക്ഷപ്പെട്ടയുടന്‍ ആന പൂയംകുട്ടി വനമേഖലയിലേയ്ക്ക് തിരികെ പോയി. കാട്ടാനക്കൂട്ടം സമീപത്തെ കൃഷിയിടങ്ങള്‍ നശിപ്പിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ജനവാസ കേന്ദ്രമായ ഇവിടെ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനക്കൂട്ടത്തെ തുരുത്തുവാനായി യാതൊരു നടപടികളും ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
A wild elephant fell in an open well ag Pinavoorkudi tribal colony in Ernakulam district, Kerala. Forest officials and local people trying to rescue the elephant. @NewIndianXpress@xpresskerala @TribalArmy @KeralaForest @NWF pic.twitter.com/H2dnecInkm
— Manoj Viswanathan (@Manojexpress) June 16, 2021