EntertainmentKeralaNews

‘കുറുപ്പ്’ 50 കോടി ക്ലബ്ബിൽ; കൂട്ടായ വിജയമെന്ന് ദുൽഖർ

കൊച്ചി:ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ അന്‍പത് കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ കുറിച്ചു.

https://www.instagram.com/p/CWVGmxrJkCL/?utm_medium=copy_link

കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു.

ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകൾ നടന്ന തിയറ്ററുകളുണ്ട്. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്ട് ചെയ്തത്.

മലയാള സിനിമയുടെ പ്രതാപകാലത്തിലേക്ക് തിരികെ പോകുവാൻ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ ‘കുറുപ്പി’നു കഴിഞ്ഞു. മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമിഴിൽ ദീപാവലി റിലീസായെത്തിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാത്തത് കുറുപ്പിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button