തിരുവനന്തപുരം:കുറവിലങ്ങാട് കേന്ദ്രമായി യാഥാർത്ഥ്യമാകുന്ന കേരള സയൻസ് സിറ്റിയുടെ ആദ്യഘട്ടം നിർമ്മാണപ്രവർത്തനങ്ങൾ 2020 നവം: 30 ന് മുമ്പായി പൂർത്തീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
നിയമസഭാ ഹാളിൽ ചേർന്ന യോഗത്തിൽ എംപിമാരായ ജോസ് കെ മാണി,തോമസ് ചാഴിക്കാടൻ, അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ് ഐ.എ.എസ്, കേരള സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ശ്രീലത തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പ് അധികൃതർ പങ്കെടുത്തു.
വിവിധ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നിലനിൽക്കുന്ന തടസ്സങ്ങൾ പരിഹരിക്കാൻ യോഗം കർശന നിലപാട് സ്വീകരിച്ചു.ഇതിനായി സയൻസ് ആൻഡ് ടെക്നോളജി,ഹാബിറ്റാറ്റ്,എച്ച് എൽ എൽ ഇൻഫ്രാടെക് സർവ്വീസ്, ഹൈറ്റ്സ് അധികൃതർ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് നിർമ്മാണ പൂർത്തീകരണ കാലാവധി അന്തിമമായി ക്രമീകരിക്കാൻ മന്ത്രി ഡോ കെ ടി ജലീൽ നിർദ്ദേശം നൽകി.ഇതു പ്രകാരം ഫെബ്രുവരി 12ന് 3 മണിക്ക് തിരുവനന്തപുരത്ത് സയൻസ് ആൻഡ് ടെക്നോളജി ആസ്ഥാനത്ത് പ്രത്യേകയോഗം ചേരുന്നതാണ്. എംഎൽഎയും,എം പി മാരും ചർച്ചകൾ കോ-ഓർഡിനേറ്റ് ചെയ്ത് തീർപ്പാക്കാൻ തീരുമാനിച്ചു. ഇതിൽ ഉണ്ടാകുന്ന ധാരണ പ്രകാരം സയൻസ് സിറ്റിയുടെ അവശേഷിക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.