സുൽത്താൻബത്തേരി: വയനാട്ടിൽ യുവാവിനെ കൊന്ന നരഭോജി കടുവയെ തിരയാന്‍ കുങ്കിയാനയെ എത്തിച്ചു. മുത്തങ്ങയില്‍ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. വൈകാതെ ഭരത് എന്ന കുങ്കിയെ കൂടി എത്തിക്കും. കഴിഞ്ഞ ദിവസം പ്രജീഷ് എന്ന യുവാവിനെ കൊന്ന, വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസ്സുള്ള ആണ്‍കടുവയെ വെടിവെച്ച് കൊല്ലുന്നതിനാണ് തിരച്ചിൽ നടത്തുന്നത്. കടുവ ജനവാസ മേഖലയില്‍ തന്നെ തുടരുന്നതായാണ് വനംവകുപ്പ് നല്‍കുന്ന വിവരം.
ആനകളെ ഉപയോഗിച്ച് കടുവയെ ഒളിസ്ഥലത്തുനിന്ന് പുറത്തെത്തിക്കാനാണ് ശ്രമം. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുന്നുണ്ട്. ക്യാമറ ട്രാപ്പില്‍ കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുമുണ്ട്. വനംവകുപ്പ് നിയോഗിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കടുവ കൂടിന് തൊട്ടടുത്തുവരെ എത്തിയിരുന്നു.
കടുവ സെന്‍സെസില്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നാണ് വയനാട് വൈല്‍ഡ് ലൈഫ് 45 (WWL 45) എന്ന് നമ്പറിട്ട 13 വയസ്സുള്ള ആണ്‍ കടുവയാണ് വാകേരിയിലുള്ളതെന്ന് തിരച്ചറിഞ്ഞത്. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നരഭോജി കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞത്.
പ്രായം വളരെ കൂടിയ കടുവയായതിനാല്‍ പരിക്കുകളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വെക്കാനുള്ള സാഹചര്യത്തില്‍ കടുവയെ കണ്ടെത്തിയാല്‍ എത്രയും വേഗം വെടിവെക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.