കൊച്ചി:ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിന് വേണ്ടി ഇ.ഡി.നോട്ടീസയച്ച് വിളിപ്പിക്കുകയായിരുന്നുവെന്ന് കെ.ടി.ജലീൽ എംഎൽഎ. ഇതിനകം കൊടുത്തുകഴിഞ്ഞ രേഖകൾക്ക് പുറമെ കുറച്ച് രേഖകൾ കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവർക്ക് നൽകും. കുഞ്ഞാലിക്കുട്ടിയെ നാളെയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകൻ ആഷിഖിനേയും ഇ.ഡി.വിളിപ്പിച്ചിട്ടുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി. ഇന്ന് രാവിലെ 10.45 ഓടെയാണ് ജലീൽ ഇ.ഡി.ഓഫീസിലെത്തിയത്. വൈകീട്ട് നാല് മണിയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.
‘എ.ആർ.നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ വന്നിട്ടില്ല. ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞ് ഇ.ഡി.വിളിപ്പിക്കുകയായിരുന്നു. എ.ആർ.നഗർ ബാങ്കുമായി ബന്ധപ്പെട്ട കാര്യം വരുന്നതേ ഉള്ളൂ. അതിന്റെ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ സമർപ്പിച്ചിട്ടേ ഉള്ളൂ. അതിന്റെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം എടുക്കേണ്ടതുണ്ട്. അതിന് ശേഷം ഞാൻ മാധ്യമങ്ങളെ കാണും’ ജലീൽ പറഞ്ഞു.
മറ്റുപലരുടേയും സാമ്പത്തിക ഉറവിടം സംബന്ധിച്ച് വിവരങ്ങൾ ഇ.ഡി .ചോദിച്ചു. അതുകൊടുത്തിട്ടുണ്ടെന്നും ജലീൽ വ്യക്തമാക്കി. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ആളുകളുടെ വിവരമാണോ ചോദിച്ചതെന്ന് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ. അല്ലാതെ മറ്റാരുടേതും ചോദിക്കില്ലല്ലോ എന്ന് ജലീൽ മറുപടി നൽകി.
ചന്ദ്രിക പത്രത്തേയും മുസ്ലിംലീഗ് സംഘടനയേയും സ്ഥാപനങ്ങളേയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക,അവിഹിത ധനസമ്പാദനം നടത്തുക എന്നത് കുറച്ചുകാലമായി നടന്നുവരുന്നുണ്ട്. ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നലേക്കർ സ്ഥലം വാങ്ങി. മുസ്ലിംലീഗ് ഓഫീസ് നിർമിക്കാനാണ് വാങ്ങിയത്.
രണ്ടേകാൽ ഏക്കർ സ്ഥലം വാങ്ങിയത് ഹൈദരലി തങ്ങളുടെ പേരിലാണ്. നിർമാണത്തിന് അനുയോജ്യമായ രണ്ടേക്കർ സ്ഥലം വാങ്ങിയത് ഒരു പ്രമുഖ നേതാവിന്റെ മകന്റെ പേരിലാണ്. ഇത്തവണ അധികാരത്തിലെത്തിയാൽ വെള്ളക്കെട്ടുള്ള സ്ഥലം നികത്താമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും ജലീൽ ആരോപിച്ചു.