News

സാമൂഹിക അകലവുമില്ല, മാസ്‌കുമില്ല; കുംഭമേളയില്‍ ഗംഗാസ്നാനത്തിനായി തടിച്ചുകൂടിയത് ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുകയാണ്. കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തീവ്രശ്രമത്തിലാണ്. ഇതിനിടെ ഹരിദ്വാറില്‍ കുംഭമേളയോട് അനുബന്ധിച്ചുള്ള ചടങ്ങുകളും നടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കുഭമേള ചടങ്ങുകള്‍ നടക്കുന്നത്.

ഇന്നു പുലര്‍ച്ചെ നടന്ന ഷാഹി സ്നാനം എന്ന വിശുദ്ധ സ്നാനത്തിന് ലക്ഷക്കണക്കിന് ആളുകളാണ് ഗംഗാനദിക്കരയില്‍ തടിച്ചുകൂടിയത്. ഭക്തരെ കൂടാതെ 12 അഖഡകളിലെ പുരോഹിതരും വിശുദ്ധ സ്നാനത്തില്‍ പങ്കെടുത്തു. ഗംഗാ സ്നാനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ച സാമൂഹിക അകലം നദിക്കരയില്‍ പാലിക്കപ്പെട്ടിട്ടേ ഇല്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്. ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും മുഖാവരണവും ഉണ്ടായിരുന്നില്ല. ഹരിദ്വാര്‍ സന്ദര്‍ശനത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ കൊവിഡ് ആശങ്കപ്പെടുത്തുന്ന സംഗതിയല്ല എന്നാണ് ഹരിദ്വാറിലെത്തുന്ന ഭക്തരില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടംകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

സാമൂഹിക അകലവും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് കോവിഡിന്റെ മറ്റൊരു സൂപ്പര്‍ സ്പ്രെഡ് ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കല്‍ ബുദ്ധിമുട്ടാണെന്നാണ് ഭക്തരുടെ വാദം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇതോടെ രോഗവ്യാപനത്തില്‍ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ആകെ കോവിഡ് കേസുകള്‍ 1.35 കോടി പിന്നിട്ടു. 3 കോടി 11 ലക്ഷത്തി 97,511 രോഗികളുള്ള അമേരിക്കയാണ് ഒന്നാമത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button