കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തരത്തിൽ സിപിഎം പ്രചരിപ്പിച്ച വീഡിയോയിൽ പ്രതികരണവുമായി കെഎസ്‌യു. മന്ത്രിയുടെ കഴുത്തിൽ കരിങ്കൊടി തട്ടുന്നു എന്ന തരത്തിലാണ് സിപിഎം ഹാൻഡിലുകൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, മന്ത്രിയുടെ കഴുത്തിന് സമീപം എത്തിയത് കരിങ്കൊടിയല്ലെന്നും മന്ത്രിയുടെതന്നെ ഗൺമാന്റെ കറുത്ത വസ്ത്രമാണെന്നുമാണ് കെ.എസ്.യു വിശദീകരിക്കുന്നത്. ഇതിന്റെ ദൃശ്യവും അവർ പുറത്തുവിട്ടിട്ടുണ്ട്.
പ്രതിഷേധക്കാർ മന്ത്രിയെ മർദിച്ചുവെന്ന് സ്ഥാപിക്കാൻ ഇടതുപക്ഷ സൈബർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച വീഡിയോയിലെ കറുത്ത വസ്ത്രം ധരിച്ച കൈ തങ്ങളുടെ പ്രവർത്തകന്റേതല്ലെന്ന് കെ.എസ്.യു വാദിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് മന്ത്രിയെ സംരക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന ഗൺമാന്റെ വസ്ത്രമാണ് ദൃശ്യങ്ങളിൽ കാണുന്നതെന്നാണ് വാദം.
എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ ഉപയോഗിച്ച് സിപിഎം തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചിട്ടുണ്ട്. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗൺമാന്റെ കൈ കഴുത്തിന് സമീപം വന്നതെന്നും ഈ ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് കെ.എസ്.യു വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടിപ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ ണ്ടകോളേജിലും പ്രവേശിപ്പിച്ചു. ഇവിടെ ഐ.സി.യുവിലാണ് മന്ത്രി ഇപ്പോഴുള്ളത്. സംഭവത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. വധശ്രമത്തിനാണ് കേസ്.
KSU has refuted allegations made by CPI(M) that its activists attacked Health Minister Veena George during a protest. While CPI(M) social media handles circulated videos claiming a black flag hit the Minister’s neck, KSU released counter-footage clarifying that the black object seen in the video was actually the sleeve of the Minister’s own gunman’s black uniform, not a protest flag. The student wing accused the ruling party of spreading misinformation to malign their democratic protest.


