തിരുവനന്തപുരം: എസ്എഫ്‌ഐ-കെഎസ്‌യു ബാനര്‍ പോര് തിരുവനന്തപുരത്തും. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഇൗഡന്’ എന്ന ബാനര്‍ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിന് മുന്നില്‍ എസ്എഫ് ഐ ഉയര്‍ത്തിയിരുന്നു. ഇതിന് ബദലായാണ് കെഎസ്‌യു ബാനര്‍ ഉയര്‍ത്തിയത്. ‘ഇഎംഎസിനെ പറപ്പിച്ചവരാണ് പിന്നെയല്ലേ എസ്എഫ്‌ഐ’എന്നാണ് കെഎസ്‌യു ബാനറിലുള്ളത്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ബാനര്‍ പോര് ആദ്യം തുടങ്ങിയത്. ‘ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലെ ഈഡന്’ എന്നെഴുതി എസ്എഫ്‌ഐ ബാനര്‍ കെട്ടിയിരുന്നു. ഇതിന് മറുപടിയായി ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’ എന്ന് കെ എസ് യുവും മറുപടി ബാനര്‍ കെട്ടി. ഇത് മറച്ചുവെച്ച്‌കൊണ്ട് എസ്എഫ്‌ഐ വീണ്ടും ബാനര്‍ കെട്ടിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് കെഎസ്.യു ബാനറിന്റെ മുകളിലേക്ക് പുതിയ ബാനര്‍ എസ്എഫ്‌ഐ ഉയര്‍ത്തി കെട്ടിയത്.
അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എന്നാണ് എസ്എഫ്‌ഐ പുതിയ ബാനറിലുണ്ടായിരുന്നത്. ഇതിന് ബദല്‍ ബാനര്‍ വീണ്ടും കെഎസ്‌യു ഉയര്‍ത്തിയിരുന്നു. ‘വര്‍ഗ്ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഇന്ദിരയെന്നാല്‍ ഇന്ത്യയാണ്’ എന്നാണ് ഈ ബാനറിലുണ്ടായിരുന്നത്.
ഇതിന് മുകളില്‍ പുതിയ ബാനറുകളൊന്നും വന്നിട്ടില്ല. എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ എസ്എഫ് ഐ ഉയര്‍ത്തിയത്.