സൂംബ നൃത്ത വിവാദം അനാവശ്യം ; ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.എസ്.യു

സൂംബ നൃത്ത വിവാദം അനാവശ്യം ; ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.എസ്.യു

തിരുവനന്തപുരം: ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവര്‍ത്തനങ്ങളില്‍ വിവാദം കാണേണ്ടതില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ലഹരി വിരുദ്ധ പോരാട്ടങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ക്യാമ്പസ് ജാഗരന്‍ യാത്ര നടത്തിയ ഘട്ടത്തില്‍ തന്നെ നല്‍കിയിട്ടുള്ളതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

സുംബ ഡാന്‍സ് ഫിട്‌നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയില്‍ അധാര്‍മികമായി ഒന്നും കാണാന്‍ കഴിയില്ല. ഇത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നു തന്നെയാണ് കെ.എസ്.യു നിലപാട്. സിന്തറ്റിക് ലഹരിയടക്കം യുവാക്കളിലും വിദ്യാര്‍ത്ഥികളിലും പിടിമുറുക്കുമ്പോള്‍ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

എന്നാല്‍ അതേസമയം ലഹരിയും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മാനസിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വലിയ സാമൂഹിക പ്രശ്‌നത്തിന് മുന്നില്‍ സുംബാ ഡാന്‍സും ഒന്നോ രണ്ടോ സിനിമാ താരങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന ലഹരിയോ മാത്രമാവരുത് പരിഹാരം, അതിന് കുറേക്കൂടെ ആഴത്തിലുള്ള പ്രതിവിധികള്‍ ആവശ്യമാണ്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്, വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തത മുതല്‍ അധ്യാപക നിയമനവും സ്‌കൂള്‍ സമയവും വരെ അതില്‍ ഉള്‍പ്പെടും, വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ അടിസ്ഥാനപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News