ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി, ടെസ്റ്റിനും സൗകര്യം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗണേഷ് കുമാർ

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം ലഭ്യമാക്കി ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി യിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഇതിനായി ഉപയോഗിച്ച് പരിശീലനം നൽകാനാണ് പദ്ധതി.

ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശവും നല്‍കി.

ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News