പാണത്തൂർ: ബസിൽ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. തുണയായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. അഭിനന്ദനവുമായി നാട്ടുകാരും. വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. പാണത്തൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. മാലക്കല്ലിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് ടിക്കറ്റെടുത്ത കള്ളാർ പെരുമ്പള്ളിയിലെ കെ.ടി. ശ്രീരാജ് (33) ചുള്ളിക്കരയെത്തിയപ്പോൾ തലകറങ്ങി വീഴുകയായിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടതോടെ സമയനഷ്ടമോ ട്രിപ്പ് മുടങ്ങുന്നതോ നോക്കാതെ ഡ്രൈവർ പ്രകാശനും കണ്ടക്ടർ കെ. രാജേഷും ചേർന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിലേക്ക് ബസ് തിരിച്ചോടിച്ചു. ആസ്പത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നൽകി.
അസ്പത്രിയിൽ എത്തിച്ച യാത്രക്കാരൻ സുരക്ഷിതനാണെന്ന് അറിഞ്ഞശേഷമാണ് ബസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുപോയത്. യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ആ സമയത്തെ ചിന്തയെന്ന് പ്രകാശനും രാജേഷും പറയുന്നു. യഥാസമയം അടിയന്തര ചികിത്സ ലഭിച്ചതോടെ സുഖം പ്രാപിച്ച ശ്രീരാജ് ഉച്ചയോടെ ആസ്പത്രി വിട്ടു.