തിരുവനന്തപുരം:കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരുട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. അതിര്‍ത്തി കടക്കാനും അനുമതിയില്ല. യാത്രക്കാര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കുകയും വേണം. ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ടു പേര്‍ക്ക് സഞ്ചരിക്കാനാകും. ഏപ്രില്‍ 20ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നതരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കവാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും ക്രമീകരിക്കും. അവശ്യസര്‍വീസുകള്‍ക്കും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമല്ല.
റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകളാക്കിയിട്ടുള്ളത്. റെഡ് സോണില്‍ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്ന് വരെ പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകും. ഓറഞ്ച് എയില്‍ വരുന്നത് പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ മൂന്ന് ജില്ലകളാണ്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 ന് ശേഷം ഭാഗികനിയന്ത്രണം തുടരും. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബിയില്‍ വരുന്നത്. കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്.