KeralaNews

കെ.എസ്.ആർ.ടി.സി ശമ്പളം ഗഡുക്കളായി, ആദ്യ ഗഡു അഞ്ചിന് മുമ്പ് ,ബാക്കി സർക്കാർ സഹായ ശേഷം

തിരുവനന്തപുരം: ശമ്പള വിതരണത്തിന്  പുതിയ നിർദ്ദേശവുമായി കെഎസ്ആർടിസി.അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും.ശമ്പള വിതരണത്തിനുള്ള മൊത്തം തുകയിൽ പകുതി കെഎസ്ആർടിസി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നും എംഡിയുടെ ഉത്തരവില്‍ പറയുന്നു.ഗഡുക്കളായി ശമ്പളം വാങ്ങാൻ താൽപര്യമില്ലാത്തവര്‍ ഈ മാസം 25ന് മുമ്പ് സമ്മത പത്രം നൽകണമെന്നും ഉത്തരവില്‍ പറയുന്നു.

ടാർഗറ്റ് അടിസ്ഥാനത്തിൽ  ശമ്പളം നൽകുമെന്ന കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ നിലപാട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കാനുള്ള ബിജു പ്രഭാകറിന്‍റെ  നീക്കം ഇടത് സർക്കാർ അംഗീകരിക്കരുത്.

സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മുട്ടുന്ന കെഎസ്‌ആർടിസി തൊഴിലാളികൾക്ക് പുതിയ നിർദേശം ഇരുട്ടടിയാകും. സ്വന്തം നിലയ്ക്ക് ശമ്പളം നൽകാനുള്ള ക്രിയാത്മക നടപടികൾ വേണം കെഎസ്ആർടിസി മാനേജുമെന്റ് സ്വീകരിക്കേണ്ടത്.  അല്ലാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന തുഗ്ലക് പരീക്ഷണങ്ങൾ ആകരുത്. 

മറ്റു പൊതു മേഖല സ്ഥാപനങ്ങളെ സഹായങ്ങൾ നൽകി ഉയർത്തി കൊണ്ടു വരുന്നതു പോലെ സാധാരണക്കാരൻ യാത്രക്കായി ആശ്രയിക്കുന്ന കെഎസ്ആർടിസിക്കും വേണ്ടവിധത്തിലുള്ള സഹായങ്ങൾ നൽകി സർക്കാർ കൂടെ നിൽക്കണം.

 ഒരു മനുഷ്യായസ്സു മുഴുവൻ  കെ.എസ്.ആർ.ടി.സി യിൽ സേവനമനുഷ്ടിച്ചവർക്ക് അവരുടെ അവകാശമായ പെൻഷൻ കൃത്യമായി നൽകുവാൻ സർക്കാർ ഇടപെടണം.തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന്‌ കെഎസ്ആർടിസി മാനേജ്‌മെന്റ് പിന്തിരിയണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം തൊഴിലാളികൾക്ക് പിന്തുണ നൽകി എഐവൈഎഫ് സമരത്തിലേക്ക് നീങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രഡിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയിൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button