മൂന്നാർ: വിനോദ സഞ്ചാരികൾക്കായി കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി കെഎസ്ആർടിസി. പദ്ധതി പ്രകാരമുള്ള ആദ്യ ബസ് മൂന്നാറിൽ ആണ് സജ്ജമാക്കുക. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കെഎസ്ആർടിസി ബസിൽ താമസിക്കാം. ഒരേസമയം 16 പേർക്കു താമസിക്കാൻ കഴിയുന്ന എസി ബസുകൾ ഇതിലേക്കായി സജ്ജമാക്കും.
കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ആണ് കംപാർട്മെന്റുകൾ ബസിൽ സജ്ജമാക്കുക. മൂന്നാർ ഡിപ്പോയിലാണ് ആദ്യ ബസ് പാർക്ക് ചെയ്യുക. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല.
കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര മേഖലകളിൽ മിതമായ നിരക്കിൽ ബസിൽ താമസ സൗകര്യം നൽകാമെന്ന ആശയം. മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടൻ ബസ് താമസത്തിനായി നൽകുമെന്ന് ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് സേവി ജോർജ് പറഞ്ഞു.