തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ കൃത്യമായ കണക്കെടുക്കുന്നതിനായി ശനിയാഴ്ച മുതൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം നിലവിൽ വരുന്നു. പുതിയ പരിഷ്കാരം അനുസരിച്ച്, കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ (ETM) വഴി ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ മാറ്റങ്ങൾ ഇടിഎം സോഫ്റ്റ്‌വെയറിൽ ഇതിനോടകം തന്നെ വരുത്തിക്കഴിഞ്ഞു.
യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ ലിംഗഭേദം കൃത്യമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു. ലിംഗാടിസ്ഥാനത്തിലുള്ള യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് ഭാവിയിലെ ആസൂത്രണങ്ങൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിനും കെഎസ്ആർടിസിക്ക് സഹായകരമാകും.
എല്ലാ ഡിപ്പോകളിലും ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ടിക്കറ്റുകളിൽ ഇത്തരമൊരു തരംതിരിക്കൽ ഉണ്ടായിരുന്നില്ല. പുതിയ സംവിധാനം വരുന്നതോടെ ഓരോ റൂട്ടിലും എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുവെന്നും എത്ര പുരുഷന്മാർ യാത്ര ചെയ്യുന്നുവെന്നും കൃത്യമായി അറിയാൻ സാധിക്കും.
ഇത് സ്ത്രീ യാത്രക്കാർക്കായി പ്രത്യേക ബസുകൾ ക്രമീകരിക്കുന്നതിനും സീറ്റ് സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും കെഎസ്ആർടിസിയെ സഹായിക്കും. കണ്ടക്ടർമാർക്ക് ഇതിനായി പ്രത്യേകം പരിശീലനവും നൽകി വരികയാണ്. ശനിയാഴ്ച മുതൽ എല്ലാ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഈ മാറ്റം ദൃശ്യമാകും.
KSRTC is launching a ‘Gender Ticketing’ system starting this Saturday. Conductors must now specify the passenger’s gender as ‘Male’ or ‘Female’ on Electronic Ticketing Machines (ETM). The IT Department of KSRTC has updated the software to facilitate this change, aiming to collect accurate data on passenger demographics for better operational planning.


