ആലപ്പുഴ:സ്റ്റോപ്പിൽ എത്തിയപ്പോൾ ബാക്കി കിട്ടാനുള്ളത് മറന്ന യാത്രക്കാരിക്ക് നഷ്ടപ്പെട്ടത് മുന്നൂറു രൂപ. പണം തിരിച്ചുകിട്ടുമോയെന്നു സംശയിച്ചു. എന്നാൽ, ‘ആനവണ്ടി ഫാൻസും’ കെ.എസ്.ആർ.ടി.സി. ജീവനക്കാരും കൈകോർത്തപ്പോൾ 43 -ാം മിനിറ്റിൽ തുക യാത്രക്കാരിയുടെ അക്കൗണ്ടിലെത്തി.
കഴിഞ്ഞദിവസം നടന്ന സംഭവം ഇങ്ങനെയാണ്:- കൊല്ലം എസ്.എൻ. കോളേജിൽ ഗവേഷണ വിദ്യാർഥിനിയാണ് തൃശ്ശൂർ സ്വദേശിനിയായ ടി.ജി. ലസിത. കോളേജിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ കയറിയത് വൈറ്റിലയിൽനിന്ന്. 500 രൂപയാണ് ടിക്കറ്റിനായി നൽകിയത്. 183 രൂപയുടെ ടിക്കറ്റും ചില്ലറ 17 രൂപയും കണ്ടക്ടർ നൽകി. ബാക്കി 300 രൂപ യാത്രക്കിടെ നൽകാമെന്ന് ടിക്കറ്റിനു പിന്നിൽ എഴുതിക്കൊടുത്തു. അതിനിടെ ലസിത ഉറങ്ങി. കൊല്ലമെത്തിയപ്പോൾ പെട്ടെന്ന് സ്റ്റോപ്പിലിറങ്ങി. കോളേജിൽ എത്തിയപ്പോഴാണു ബാക്കി വാങ്ങിയില്ല്ളല്ലോയെന്ന് ഓർത്തത്.
ആനവണ്ടി പ്രേമിയായ സുഹൃത്ത് ചിഞ്ചുവിനെവിളിച്ച് കാര്യം പറഞ്ഞു. ചിഞ്ചു ഉടൻ ടിക്കറ്റിന്റെ ഫോട്ടോ വാങ്ങി കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പുകളിലിട്ടു. ഇതുകണ്ട കെ.എസ്.ആർ.ടി.സി. എടത്വാ ഡിപ്പോയിലെ കണ്ടക്ടർ ഷെഫീക്ക് ഇബ്രാഹിം ചിഞ്ചുവിനെ വിളിച്ച് ബസിന്റെ കണ്ടക്ടറുടെ നമ്പർ ലഭിച്ചിട്ടുണ്ടെന്നും പണം ഉടൻ ലഭിക്കുമെന്നും പറഞ്ഞു. 43 -ാം മിനിറ്റിൽ ചിഞ്ചുവിന്റെ അക്കൗണ്ടിലേക്ക് ബാലൻസ് തുകയായ മൂന്നൂറു രൂപയെത്തി. അവരത് ലസിതയ്ക്ക് ഗൂഗിൾപേയിലൂടെ കൈമാറി.
ഇതാദ്യമയല്ല ലസിതയ്ക്ക് കെ.എസ്.ആർ.ടി.സി. യിൽനിന്ന് നല്ല അനുഭവം ഉണ്ടാകുന്നത്. വൈറ്റില -ആലപ്പുഴ ബസിൽവെച്ച് തലകറക്കമുണ്ടായ ലസിതക്ക് വെള്ളവും ആഹാരവും നൽകുകയും വേണ്ടസഹായവും നൽകി ജീവനക്കാർ മാതൃകയായിട്ടുണ്ട്. ജീവനക്കാരെ കണ്ടെത്തി നന്ദി പറയണമെന്ന ആഗ്രഹത്തിലാണു ലസിത.