പിരിഞ്ഞ ശേഷം ദിലീപുമായി സ്വകാര്യ സംഭാഷണം നടത്തിയിട്ടില്ലെന്ന് മഞ്ജു വാര്യർ, ഒന്നോ രണ്ടോ വട്ടം സംസാരിച്ചത് മകളുടെ കാര്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case)അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപ് (dileep)നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. എറണാകുളം എംജി റോഡിലെ മേത്തർ ഹോംസിന്‍റെ ഫ്ലാറ്റിലാണ് പ്രതികൾ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദീലിപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങി. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. എംജി റോഡിൽ ഷിപ് യാർഡിന് അടുത്തായി മേത്തർ ഹോസിംന്‍റെ അപ്പാർട്മെന്‍റ് സമുച്ചയത്തിൽ ദിലീപിന് ഫ്ലാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെവെച്ച് ആലോചനകൾ നടന്നത്.
ഈ സമയത്തെ മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥീരീകരിക്കുന്ന ഫ്ലാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ നടന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ സാന്നിധ്യത്തിൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നു എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇതുവഴി ശ്രമിക്കുന്നത്.
ഇതിനിടെ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജുവാരിയരിൽനിന്നും അന്വേഷണസംഘം ഫോണിലുടെ വിവരങ്ങൾ തേടിയെന്നാണ് സൂചന. മുൻ ഭാര്യയും അഭിഭാഷകരുമായുളള ഫോൺ സംഭാഷണങ്ങൾ ഉളളതിനാൽ ഫോൺ ഹാജരാക്കാനാകില്ലെന്നായിരുന്നു ദിലീപ് കഴിഞ്ഞ ദിവസം കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ അത്തരത്തിലുളള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയർ മറുപടി നൽകിയെന്നാണ് വിവരം.
കേസിൽ നടൻ ദിലീപിന്റെ നാലാമത്തെ ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സൈബർ ഡോമിന്റെ സഹായം തേടി. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.
ദിലീപ് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഈ ഫോണിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഫോൺ വിളികളുടെ സാങ്കേതിക വിവരങ്ങൾ (സിഡിആർ) കമ്പനികളുടെ സഹായത്തോടെ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് ദിലീപ് 4 ഫോണുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ദിലീപിനു വേണ്ടി ഡ്രൈവറാണ് ഈ ഫോൺ കൈവശം സൂക്ഷിച്ചിരുന്നതെന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഓരോ ഫോണിനുമുള്ള ആഗോള തിരിച്ചറിയൽ നമ്പറായ ഇന്റർ നാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി നമ്പറാണ് (ഐഎംഇഐ) ഈ കേസിൽ അന്വേഷണ സംഘത്തിന്റെ ഏക പിടിവള്ളി. നാലാമതൊരു ഫോൺ ഉപയോഗിക്കുന്നില്ലെന്ന ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ ഏറ്റവും ശാസ്ത്രീയമായ മാർഗമാണ് ഐഎംഇഐ നമ്പറിന്റെ പരിശോധന. കേസിനു വഴിയൊരുക്കിയ സംഭവമുണ്ടാകുമ്പോൾ ഈ ഫോണിലെ സിംകാർഡ് ഉപയോഗിച്ചു ദിലീപ് ആരെങ്കിലുമൊരാളെ വിളിച്ചതിന്റെ തെളിവായ സിഡിആറും സാക്ഷിമൊഴിയുമുണ്ടെങ്കിൽ കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കും.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന 7 മൊബൈൽ ഫോണുകളാണ് ഇവർ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഈ ഫോണുകളിലുള്ളതിനാലാണ് ഇവർ ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്നും അന്വേഷണ സംഘം പറയുന്നു.