കൊച്ചി: വഴി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കാറിലിടിച്ച ശേഷം നിര്‍ത്താതെ പോയി, തടഞ്ഞുനിര്‍ത്തിയപ്പോള്‍ ആളറിയാതെ ജോയിന്റ് ആര്‍ടിഒയോട് ആക്രോശിച്ച്
കെഎസ്ആര്‍ടിസി ഡ്രൈവര്‍. ആലുവയിലാണ് സംഭവം. ആലുവ ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാറിന്റെ കാറിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. വടക്കന്‍ പറവൂര്‍-ആലുവ റൂട്ടില്‍ ഓടുന്ന ബസാണ് അപകടമുണ്ടാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ സജീവനെതിരെ പോലീസ് കേസെടുത്തു. ആലുവ പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളറിയാതെ ബസ് ഡ്രൈവര്‍ ജോയിന്റ് ആര്‍ടിഒയോട് ആക്രോശിച്ചതായും പരാതിയുണ്ട്. കാറിലിടിച്ച് നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയപ്പോള്‍, താന്‍ പോയി കേസ് കൊടുത്തോ എന്നായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവര്‍ സജീവന്‍ ആളറിയാതെ ജോയിന്റ് ആര്‍ടിഒയോട് പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ ആലുവ പട്ടണത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. പറവൂരിലെ ഫിറ്റ്നസ് ടെസ്റ്റ് മൈതാനത്ത് നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറില്‍ വരുകയായിരുന്നു ജോയിന്റ് ആര്‍ടിഒ. ഈ സമയം പിന്നാലെ വന്ന ബസ് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ കാറിന് മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ യു ടേണ്‍ എടുക്കുന്നതിനായി കാര്‍ നിര്‍ത്തി കൊടുക്കേണ്ടി വന്നു. ഈ സമയവും ബസ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു.
പിന്നീട് ഗതാഗത കുരുക്കില്‍ അകപ്പെട്ടപ്പോഴും പിന്നാലെ നിര്‍ത്താതെ ഹോണ്‍ അടിച്ചുകൊണ്ടിരുന്നു. ഇതോടെ ജോയിന്റ് ആര്‍ടിഒ കാറില്‍ നിന്ന് ഇറങ്ങി കെഎസ് ആര്‍ടിസി ഡ്രൈവറോട് സംസാരിച്ചു. വാഹനം ഗതാഗതകുരുക്കില്‍ കിടക്കുമ്പോള്‍ ഹോണ്‍ അടിച്ചിട്ട് കാര്യമില്ലെന്ന് പറയുകയും ചെയ്തു.