കെഎസ്ആർടിസി ഡ്രൈവർ സ്റ്റിയറിങ്ങിനുളളിൽ, പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്; അപകടത്തില്‍ 15 പേർക്ക് പരിക്ക്

വടകര: വടകര – തലശ്ശേരി ദേശീയ പാതയിൽ അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. അമിത വേഗതയിൽ ദിശ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുബസുകളിലെയും 15 യാത്രക്കാർക്ക് പരിക്കേറ്റു.

ഇവരെ വടകര ജില്ല ആശുപത്രി, പാർക്കോ ആശുപത്രി, മാഹി ഗവ. ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. തൃശൂരിൽനിന്ന് തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് തലശേരി ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ഋതിക ബസുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ഡ്രൈവർ സ്റ്റിയറിങ്ങിനുളളിൽ കുടുങ്ങി കിടന്നതിനാൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വടകരയിൽനിന്ന് അഗ്നിരക്ഷസേനയും ചോമ്പാല പോലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News