ദേശീയ പാതയില്‍ മൂന്ന് കിലോമീറ്ററോളം വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി; കാരണം ഇതാണ്

കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞദിവസമാണ് ബസ് വൺവേ തെറ്റിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. തൊണ്ടയാട് നിന്നും ദേശീയപാത ബെെപ്പാസിലേക്ക് കയറിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ടോൾ പ്ലാസയിൽ എത്തിയപ്പോയപ്പോഴാണ് ഫാസ്റ്റ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് ജീവനക്കാർ മനസിലാക്കിയത്.

തുടർന്ന് അവിടെനിന്ന് ബസ് വളച്ച് തിരിച്ച് പോകുകയായിരുന്നു. മദ്ധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്റർ പോയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ യാത്ര സ്ലോ ട്രാക്കിലേക്ക് മാറ്റി. കോഴിക്കോടൻ കിച്ചൺസിന്റെ സമീപത്തുള്ള എക്സിറ്റിൽവച്ച് സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് യാത്ര തുടർന്നു. സർവീസ് റോഡിലേക്ക് കയറുന്നതിനിടെ വലിയ ഗതാഗതക്കുരുക്കാണ് ബസ് ഉണ്ടാക്കിയത്. ഇതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഫാസ്റ്റ്ടാഗിൽ പണമില്ലാത്ത സമയങ്ങളിൽ കെഎസ്ആർടിസി ഡ്രെെവർ തന്റെ യുപിഐ വഴി പണമടച്ചാൽ തുക റീഇംബേഴ്സ് ചെയ്യാൻ വകുപ്പില്ല. ഇതാണ് ഡ്രെെവർ പണമടയ്ക്കാതെ തിരികെ പോയത്. കെഎസ്ആ‌ർടിസിക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്റ്റാഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടിവരുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News