KeralaNews

കെഎസ്ആർടിസി കൊറിയർ ആരംഭിക്കുന്നു; കേരളത്തിൽ എവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കും

തിരുവനന്തപുരം: കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസുമായി കെഎസ്ആർടിസി. ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക.

ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കലക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും. 

ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 15-ാം തീയതി മുതലാണ് സർവീസ് പ്രവർത്തനമാരംഭിക്കുക. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

തുടക്കത്തിൽ 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ്‌. നഗരങ്ങളിലും ദേശീയ പാതയ്ക്ക് സമീപത്തും പ്രവർത്തിക്കുന്ന ഡിപ്പോകളിലെ കൊറിയർ സർവീസ് 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് ഡിപ്പോകളിലെ കൊറിയർ സെന്ററുകൾ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

കൊറിയർ അയയ്ക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് സെന്ററിൽ എത്തിക്കണം. അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ മെസേജായി ലഭിക്കും. കൊറിയർ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആൾ നേരിട്ട് വരണം.

സാധുതയുള്ള തിരിച്ചറിയൽ കാർഡ് വേരിഫൈ ചെയ്ത് സാധനം കൈമാറും. 3 ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയർ സേവനങ്ങളെക്കാൾ നിരക്ക് കുറവിലാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് നടത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button