മകന്റെ പിറന്നാൾ‌ത്തലേന്ന് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി;കാരണമിതാണ്‌

കൊല്ലം: പത്തനാപുരത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണ് മരിച്ചത്. മകന്റെ പിറന്നാൾ‌ത്തലേന്ന് ഇരുവരുടെയും മരണം.

ആവണീശ്വരത്തു വാനിനുമുന്നിൽ ചാടി ഗുരുതര പരുക്കേറ്റ രാജി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പലിശക്കാരിൽനിന്നും വായ്പയെടുക്കുകയും ചെയ്തിരുന്നു.

സംഭവദിവസവും മൈക്രോഫിനാൻസ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വിജേഷിന്റെയും ഭാര്യയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News