തിരുവനന്തപുരം; കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാരിയെ അതേ ബസിലെ യാത്രക്കാൻ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പർച്ചതിനെ തുടർന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടർ ഇടപെടാതിരിക്കുകയും, അതിനെ പറ്റി ചോദിച്ച യാത്രാക്കാരിയോട് കയർത്ത് സംസാരിക്കുകയും ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
യാത്രക്കാർക്ക് സംരക്ഷണം നൽകേണ്ട കെഎസ്ആർടിസി ജീവനക്കാരൻ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവ പൂർവ്വം കേട്ട് പരിഹരിക്കാതെ കയർത്തു സംസാരിക്കുകയും, കോർപ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളിൽ തന്റെ ഭാഗം ന്യായീകരിച്ച് കോർപ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവർത്തി ഗുരുതര സ്വഭാവദൂഷ്യവും, കൃത്യവിലോപവും, ചട്ടലംഘനവും , നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട്ടെ ഒരു അധ്യാപികയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. പരാതി നല്‍കിയിട്ടും കണ്ടക്ടര്‍ നോക്കി നിന്നുവെന്നും ഇവര്‍ ആരോപിച്ചു.
തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അധ്യാപിക പറഞ്ഞു. അതിക്രമത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത് താന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ പിന്തുണ നല്‍കാതിരുന്ന കണ്ടക്ടറുടെ പെരുമാറ്റമാണെന്ന് ഇവര്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ നില്‍ക്കാതെ കുറ്റപ്പെടുത്തുമ്പോള്‍ അതിക്രമം നേരിട്ട സ്ത്രീകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നാണ് അധ്യാപിക പറഞ്ഞത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് തന്റെ തെറ്റാണെന്ന വിധത്തില്‍ ബസിലുളളവര്‍ സംസാരിച്ചത് മനോവിഷം ഉണ്ടാക്കിയെന്നു അധ്യാപിക കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അധ്യാപികയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. സഹയാത്രികനെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നൽകിയിരുന്നു.