മണ്ണഞ്ചേരി: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പഞ്ചായത്ത് 21-ാം വാർഡ് പനക്കൽ മസ്ജിദിന് സമീപം കോഴിപ്പറമ്പിൽ സിയാദ് – സഫീല ദമ്പതികളുടെ മകൾ സഫ്ന സിയാദ് (15) ആണ് മരിച്ചത്. ട്യൂഷൻ സെന്ററിലേക്ക് പോകാനായി റോഡ് മറികടക്കവേയാണ് അപകടം നടന്നത്. എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് സഫ്നയെ ഇടിച്ചിടുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ കോമളപുരത്തായിരുന്നു അപകടം. സ്വകാര്യ ബസിലെ യാത്ര കഴിഞ്ഞിറങ്ങി കോമളപുരത്തെ ട്യൂഷൻ ക്ലാസിലേക്ക് പോകുവാൻ റോഡ് മറികടക്കവേ ഈ ബസിനെ മറികടന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി സഫ്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ആലപ്പുഴ നോർത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കലവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ്ന. പ്ലസ് ടു വിദ്യാർത്ഥിയായ സഫീദ് ഏക സഹോദരനാണ്. ഖബറടക്കം ഇന്ന്(ഞായർ) മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ നടക്കും.
കട്ടപ്പന: മേരികുളത്തിന് സമീപം എടപ്പുക്കളത്തിനും പുല്ലുമേടിനും മദ്ധ്യേ കെഎസ്ആര്‍ടിസി ബസ് 50 അടിതാഴ്ചയിലേക്ക് മറിഞ്ഞു. 9 പേര‍്ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ ഗര്‍ഭിണിയായ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയിൽ നിന്നും ഉപ്പുതറയ്ക്ക് വരുകയായിരുന്നു ബസാണ് മറിഞ്ഞത്. 18 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
ബീനാച്ചി-പനമരം റോഡില്‍ സി.സി ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അരിവയല്‍ കോട്ടങ്ങോട് മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അഖിന്‍ എം അലി എന്ന ആഷിഖ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെ അഖിന്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിലും റോഡരികിലെ മരത്തിലുമിടിച്ചാണ് അപകടം. ഓട്ടോറിക്ഷയിലിടിച്ചതിന് ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മരത്തിലുമിടിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍. സഹോദരി: അഖില.
തിരക്കേറിയ റോഡുകളില്‍ പോലും കൗമാരക്കാരുടെ അമിതവേഗമാണ് ജീവനെടുക്കുന്ന തരത്തിലുള്ള അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ലക്കിടിക്ക് സമീപം കാറിന് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പത്തൊന്‍പതുകാരനും ദാരുണാന്ത്യം സംഭവിച്ചിരുന്നു.
സുല്‍ത്താന്‍ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷ് (19) ആണ് അന്ന് അപകടസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞത്. പവന്‍ സതീഷിന്റെ ബന്ധുവുമായ പുനല്‍ (23) ന് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു പവന്‍ സതീഷ്. ഇവിടേക്ക് ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് കാറിന് പിന്‍വശത്ത് ഇടിച്ച് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. തൊട്ട് സമീപത്തുകൂടി കടന്നുപോയ കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്കാണ് യുവാവ് വീണത്.