വഴിതെറ്റിയ കെഎസ്ആര്‍ടിസി ബസ് ഇടവഴിയില്‍ കുരുങ്ങി; പുറത്ത് കടത്തിയത് സമീപത്തെ വീടുകളുടെ മതില്‍ പൊളിച്ച്

ദിശാബോര്‍ഡ് നോക്കി വഴിതെറ്റിയ കെഎസ്ആര്‍ടിസി ബസ് ഇടവഴിയില്‍ കുരുങ്ങി; പുറത്ത് കടത്തിയത് സമീപത്തെ വീടുകളുടെ മതില്‍ പൊളിച്ച്

ചാലക്കുടി: അടിപ്പാത നിര്‍മാണം നടക്കുന്ന മുരിങ്ങൂരില്‍ ദിശാബോര്‍ഡ് നോക്കി വഴിതെറ്റിപ്പോയ കെഎസ്ആര്‍ടിസി ബസ് ഇടവഴിയില്‍ കുരുങ്ങി. ഇതോടെ പുറത്ത് കടക്കാന്‍ ആവാതെ ബസ് മതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങി. മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തകര്‍ന്ന മതിലിന്റെ ഉടമയ്ക്ക് 8000 രൂപയും പുറത്ത് കടത്താന്‍ പൊളിച്ച മതിലിന്റെ ഉടമയ്ക്ക് രണ്ടായിരം രൂപയും ബസ് ഡ്രൈവര്‍ കൊടുക്കേണ്ടി വന്നു.

തൃശ്ശൂരില്‍നിന്ന് കോട്ടയത്തേയ്ക്ക് പോയ ബസ് ആണ് ഇടവഴിയില്‍ കുടുങ്ങിയത്. ബസ് കുടുങ്ങിയതോടെ ചെറുവാഹനങ്ങള്‍ക്ക് ഇതു വഴി പോകാന്‍ കഴിയാത്ത സ്ഥിതിയായി. തുടര്‍ന്ന് കുരുക്ക് ദേശീയപാത വരെ നീണ്ടു. തുടര്‍ന്ന് റോഡരികിലെ വീട്ടുമതില്‍ ജെസിബി കൊണ്ടുവന്ന് പൊളിച്ച് സമീപത്തെ പറമ്പിലൂടെയാണ് ബസ് പുറത്തു കടത്തിയത്. സമീപമുള്ള ബദല്‍ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. എറണാകുളം ഭാഗത്തേക്കെന്ന് എഴുതിയ ബോര്‍ഡു കണ്ട് ബസ് ആ വഴി എടുത്തു. ചെറിയ വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരുന്ന മുരിങ്ങൂര്‍ കല്ലൂകടവ് റോഡായിരുന്നു അത്.

ബസ് കുടുങ്ങിയതോടെ ആറരമണിക്കൂറോളം ദേശീയപാത കുരുക്കിലായി. ഇതോടെ എല്ലാ വാഹനങ്ങളും ദേശീയപാതയുടെ സര്‍വീസ് റോഡ് വഴി കടത്തി വിടേണ്ടി വന്നു. മതില്‍ പൊളിച്ച് ഒന്‍പതരയോടെയാണ് ബസ് പുറത്തു കടത്തിയത്. ഇതിനിടയില്‍ സര്‍വീസ് റോഡില്‍ മണ്ണിടിച്ചിലുണ്ടായത് വീണ്ടും ഗതാഗതതടസ്സമുണ്ടാക്കി. മുരിങ്ങൂര്‍ ജങ്ഷനില്‍ റോഡ് താറുമാറായി കിടന്നതും പ്രശ്‌നമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News