തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ഓടെ മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം.
ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു. മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പുവാറിൽ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്.
റോഡിന്റെ ഇടതുവശം ചേർന്ന് വരികയായിരുന്ന സ്‌കൂട്ടറിൽ ബസിന്റെ ഇടതുഭാഗമിടിച്ച് തെറിച്ചുവീണ വർഗീസ് ബസിന്റെ അടിയിൽപ്പെടുകയും പിൻചക്രം തലയിൽ തട്ടിയുണ്ടായ അപകടത്തിലുമാണ് വർഗീസ് മരിച്ചത്. നാട്ടുകാരെത്തി പെട്ടെന്നുതന്നെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരങ്ങൾ: മൈക്കിൾ, സുനിൽ, മിൽട്ടസ്.
വേഗം നിയന്ത്രിക്കാതെ കെ.എസ്.ആർ.ടി.സി ബസ് അടക്കമുളള വാഹനങ്ങൾ കടന്നുപോകുന്നത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്ന അപകടങ്ങൾ നിത്യസംഭവമായി മാറിയെന്ന് വിഴിഞ്ഞം ഇടവക വികാരി മോൺ നിക്കോളാസ് പറഞ്ഞു. ബസുകൾ ഓടിക്കുന്ന ഡ്രൈവർമാരുടെ അമിതവേഗം നിയന്ത്രിക്കാനായി ബന്ധപ്പെട്ടവർ കർശന നിർദേശം നൽകണെന്നും വികാരി നിർദേശിച്ചു. ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ അപകടം ഇതിന് ഉദാഹരണമാണ്. വിഴിഞ്ഞം മുക്കോല റൂട്ടിൽ സുരക്ഷിത യാത്രയൊരുക്കാനായി കെ.എസ്.ആർ.ടി.സി.യുടെ വിഴിഞ്ഞം ഡിപ്പോ അധികൃതർ തയ്യാറാകണമെന്നും വികാരി ആവശ്യപ്പെട്ടു.
A 30-year-old youth, Varghese, lost his life after his scooter was hit by a KSRTC bus in Thiruvananthapuram. The tragic accident occurred on Wednesday at around 1:19 PM near a petrol pump opposite the Village Office on the Mukkola-Vizhinjam route. Varghese was the son of Antony Adima and Sesamma, residents of Charuvila Colony in Kottapuram, Vizhinjam.

