കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകത്തില്‍പ്പെട്ടു; രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ 36 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാതയില്‍ കളപ്പുരയിലും കളര്‍കോടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടു. കളപ്പുരയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍ പെട്ടതെങ്കില്‍ കളര്‍കോട് എസ് ഡി കോളജിനു സമീപത്തെ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ബസ് ഇടിച്ചാണ് അപകടം നടന്നത്. ബസിന്റെ ഇടിയേറ്റ് ഒട്ടോ മൂന്നിലുള്ള കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തകര്‍ന്ന നിലയിലായിരുന്ന ഓട്ടോറിക്ഷയുടെ വാതില്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരനായ രാജേന്ദ്രനെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രണ്ട് അപകടങ്ങളിലുമായി 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കളപ്പുരയിലുണ്ടായ അപകടം നടന്ന് കൃത്യം ഒരു മണിക്കൂറിന് ശേഷം കളര്‍കോടും സമാന അപകടമുണ്ടായത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചു കയറുകയായിരുന്നു.