വൈദ്യുതിബന്ധം വിച്ഛേദിച്ച ട്രാൻസ്ഫോർമർ മാറി; സർവീസ് വയർ നന്നാക്കാൻ കയറിയ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

വൈദ്യുതിബന്ധം വിച്ഛേദിച്ച ട്രാൻസ്ഫോർമർ മാറി; സർവീസ് വയർ നന്നാക്കാൻ കയറിയ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

മടിക്കൈ (കാഞ്ഞങ്ങാട്):ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ച ട്രാൻസ്ഫോർമർ മാറി പൊട്ടി വീണ സർവീസ് വയർ നന്നാക്കാൻ കയറിയ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ പുല്ലൂർ മധുരംപാടിയിലെ വി.വി. ഭരതനാണ് (54) മരിച്ചത്. മടിക്കൈ കണിച്ചിറപ്പാലത്തി നിടുത്തെ എച്ച്.ടി. വൈദ്യുതത്തൂണിലായിരുന്നു സർവീസ് വയർ പൊട്ടിവീണത്. തൂണിന്റെ ഉയരത്തിലെത്തി കയർ കെട്ടി സുരക്ഷിതമായിനിന്നശേഷം തൂങ്ങിക്കിടക്കുന്ന സർവീസ് വയറിൽ പിടിച്ചതും തത്ക്ഷണം ഷോക്കേറ്റ് മരിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കയർ അഴിച്ച് താഴെയെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കാറ്റും മഴയും കാരണം വൈദ്യുതകമ്പി പൊട്ടിയതിനാൽ മൂന്നുദിവസമായി കണിച്ചിറപ്പാലത്തിന് സമീപത്തെ വീടുകളിൽ വൈദ്യുതിയില്ലായിരുന്നു. കരാർജീവന ക്കാരനായ സജിത്തും സഹായിയായി ഭരതനൊപ്പം ഉണ്ടായിരുന്നു. കണിച്ചിറയിലെയും കാലിച്ചാംപൊതിയിലെയും ട്രാൻസ് ഫോർമറുകളിൽനിന്നുള്ള വൈദ്യുതകമ്പികൾ ഇതു വഴി കടന്നുപോകുന്നുണ്ട്.

ഭരതനും സജിത്തും കണിച്ചിറ ട്രാൻസ്ഫോർമറിനടുത്താണ് എത്തിയത്. എല്ലാം കാണിച്ചുകൊടുത്തശേഷം സജിത്തിനെ അവിടെ നിർത്തി ഭരതൻ കണിച്ചിറപ്പാലത്തിനടുത്തെ തൂണിനടുത്തെത്തി. സജിത്ത് ഫ്യൂസ് ഊരിയെന്ന് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തിയശേഷം ഭരതൻ മുകളിലേക്കു കയറി. പൊട്ടിവീണ സർവീസ് വയർ കാലിച്ചാംപൊതിയിലെ ട്രാൻസ്ഫോർമറിൽ നിന്നുള്ളതായിരുന്നുവെന്ന് വൈദ്യുതി അധികൃതർ പറഞ്ഞു.

കെ.എസ്.ഇ.ബി. ചിത്താരി സെക്ഷനിൽനിന്ന് രണ്ടരവർഷം മുൻപാണ് ഭരതൻ മാവുങ്കാൽ സെക്ഷൻ ഓഫീസിലേക്ക് മാറിയത്. മധുരംപാടിയിലെ പരേതനായ ടി.വി. ചന്തന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: അശ്വനി, ആര്യ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: വി.വി. രാജേന്ദ്രൻ (ചെങ്കൽ കരാറുകാരൻ), മധു (നിർമാണത്തൊഴിലാളി), കുഞ്ഞിനാരായണൻ, ബാലൻ (മേസ്തിരി, ഉദയനഗർ ബീഡി കമ്പനി), രുക്മിണി, ഗംഗാമണി, ഗൗരി, പരേതനായ ചന്ദ്രൻ. കാസർകോട് ജനറൽ ആ സ്പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം സംസ്കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News