തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി. നിരക്കു കൂട്ടുന്നെന്ന പ്രചരണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തെ ബില്‍ ഇപ്പോഴാണ് പലയിടങ്ങളിലും വന്നത്. ഇതില്‍ പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയത്. 2019 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമവസാനം കെഎസ്ഇബി നിരക്ക് കൂട്ടിയത്.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇത് മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി പറഞ്ഞു.
നിലവിലെ സ്ലാബ് രീതി പലര്‍ക്കും മനസ്സിലാകാത്തതാണ് ഈ പ്രചാരണത്തിന് കാരണമാകുന്നതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. ആദ്യ 100 യൂണിറ്റ് വരെ 3.15 പൈസയും അതിന് ശേഷമുള്ള ഓരോ നൂറ് യൂണിറ്റിനും വ്യത്യസ്തമായ നിരക്കാണ് ഈടാക്കുന്നത്.
മാത്രമല്ല, ഉപയോഗം 500 യൂണിറ്റിന് പുറത്ത് പോകുകയാണെങ്കില്‍ മുഴുവന്‍ യൂണിറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. ഈ ഒരു വ്യത്യാസം മനസ്സിലാക്കാതെയാണ് പലരും വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.