തിരുവനന്തപുരം: കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ വരുന്നുവെന്ന് ഏകദേശം ഉറപ്പായി. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല. ജനപ്രതിനിധികളെ അടക്കം ഉൾപ്പെടുത്തിയ പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും. ഐ ഗ്രൂപ്പിൻറെ പിടിവാശിക്ക് കെപിസിസി അധ്യക്ഷന് വഴങ്ങേണ്ടി വന്നതോടെ ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല.
ജംബോ കമ്മിറ്റി വേണ്ടെന്ന ആഗ്രഹം, ഐ ഗ്രൂപ്പിന്‍റെ പിടിവാശിക്ക് മുമ്പില്‍ മുല്ലപ്പള്ളിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അത് മാത്രമല്ല. എംപിമാരും എംഎൽഎമാരും ഭാരവാഹികൾ ആകേണ്ടെന്ന ആഗ്രഹവും ഗ്രൂപ്പ് സമ്മർദ്ദത്തിന് മുന്നിൽ കെപിസിസി അധ്യക്ഷന് ഉപേക്ഷിക്കേണ്ടിവന്നു. എ-ഐ ഗ്രൂപ്പുകൾ മുന്നോട്ട് വെച്ച പേരുകൾ കൂട്ടിച്ചേർത്താൽ തന്നെ 60 ലേറെ പേര്‍ ഭാരവാഹികളായി എത്തും. ഗ്രൂപ്പിന് പുറത്തുനിന്നുള്ളവരെ കൂടി ഉൾപ്പെടുത്തുമ്പോൾ അന്തിമ പട്ടികയിലെ ഭാരവാഹികളുടെ എണ്ണം 80 ന് മുകളിലെത്തും.
ഐ ഗ്രൂപ്പാണ് ജനപ്രതിനിധികളെ ഭാരവാഹികളാക്കാൻ നിർബന്ധം പിടിച്ചത്. ഒരാൾക്ക് ഒരു പദവി ആശയത്തോട് എ ഗ്രൂപ്പിന് യോജിപ്പായിരുന്നു. വിഡി സതീശൻ, വിഎസ് ശിവകുമാർ, അടൂർ പ്രകാശ് അടക്കമുള്ള ജനപ്രതിനിധികൾ ഐ ഗ്രൂപ്പ് പട്ടികയിലുണ്ട്. നേരത്തെ 24 ജനറൽ സെക്രട്ടറിമാറും 44 സെക്രട്ടറിമാരും അഞ്ച് വൈസ് പ്രസിഡന്‍റുമാരുമാണ് ഉണ്ടായിരുന്നത്