25.6 C
Kottayam
Friday, June 7, 2024

മോദിയ്ക്ക് ബദല്‍ കോണ്‍ഗ്രസിന്റെ ‘യുവ’ കൊച്ചിയില്‍ രാഹുല്‍ പങ്കെടുക്കും

Must read

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യുവജന ദ്രോഹ, കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ മേയ് മാസത്തില്‍ കൊച്ചിയില്‍ കൂറ്റന്‍ യുവജന സമ്മേളനം നടത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനം. രാഹുല്‍ ഗാന്ധി ഇതില്‍ പങ്കെടുക്കും. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും സമ്മേളനത്തില്‍ തുറന്നുകാട്ടും.

പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ച് ബിജെപി സംഘടിപ്പിക്കുന്ന യുവം എന്ന പരിപാടിക്ക് ബദലായാണ് ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും ഒരുമയോടെ നടപ്പാക്കുന്ന അജണ്ട ജനമധ്യത്തില്‍ തുറന്നുകാട്ടും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യം സംസ്ഥാനത്തും കേന്ദ്രത്തിലും പൂര്‍ണ്ണമാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി ചോദ്യം ചെയ്‌തെങ്കിലും പലകേസുകളിലും പ്രതിയും ആരോപണവിധേയനുമായ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടാന്‍ പോലും മോദിയുടെ അന്വേഷണ ഏജന്‍സികള്‍ തയ്യാറല്ല.

ദേശീയതലത്തിലുള്ള ഇടപെടലില്ലാതെ പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് 33 തവണ സുപ്രീംകോടതി മാറ്റിവെക്കുമോ? ഇ.പി.ജയരാജന്റെ വൈദേകം റിസോര്‍ട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വാങ്ങിയതും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിച്ചതും പോലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ഇവര്‍ നടത്തുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും ബിജെപി നടത്തിയ ആക്രമണങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കാന്‍ ഡോക്യുമെന്ററികള്‍, ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും. മേയ് 9,10 തീയതികളില്‍ ചരല്‍ക്കുന്നില്‍ ചിന്തന്‍ ശിബര്‍-2 സംഘടിപ്പിക്കും.

കെപിസിസി എക്‌സിക്യൂട്ടിവ് തലം മുതല്‍ അഖിലേന്ത്യാ തലത്തിലുള്ളവര്‍ വരെ ഇതില്‍ പങ്കെടുക്കും. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ എല്ലാതലങ്ങളിലുമുള്ള നേതാക്കളെ ചുമതലപ്പെടുത്തും. ഇത് ഒരു ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റും. ഇതിനായി ഒരു കര്‍മ്മപദ്ധതിക്ക് രൂപം കൊടുക്കും.

പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കി ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ട് പോകും. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമായ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസ്സ് പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു.

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ നടപടി സാമാന്യനീതിക്ക് നിരക്കുന്നതല്ല. നീതിക്കായുള്ള നിയമപോരാട്ടം കോണ്‍ഗ്രസ് തുടരുകതന്നെ ചെയ്യും. ആത്യന്തികമായി സത്യം വിജയിക്കും. ഓലപ്പാമ്പ് കാട്ടിയൊന്നും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ചീഫ് ജസ്റ്റിസിന് സ്വകാര്യ വിരുന്നു സല്‍ക്കാരം ഒരുക്കിയ മുഖ്യമന്ത്രിയുടെ നടപടി തികഞ്ഞ അനൗചിത്യമാണ്. ഔദ്യോഗിക വിരുന്ന് സല്‍ക്കാരമല്ല മുഖ്യമന്ത്രി ഒരുക്കിയത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷ നേതാവിനെയും വിളിക്കുമായിരുന്നു. മുഖ്യമന്ത്രി സ്വകാര്യവിരുന്ന് ഒരുക്കാനുണ്ടായ സാഹചര്യത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week