KeralaNews

അഭിനയത്തിന്റെ പാഠശാലയെന്ന് വി.ഡി.സതീശൻ,വലിയ നഷ്ടമെന്ന് ചെന്നിത്തല, കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് പ്രമുഖർ

തിരുവനന്തപുരം: കെപിഎസി ലളിതയുടെ (KPAC Lalitha) വിയോ​ഗത്തിൽ ദുഖം താങ്ങാനാകാതെ കേരളം. സിനിമ മേഖലയ്ക്കൊപ്പം പ്രിയപ്പെട്ട അഭിനേത്രിയുടെ നഷ്ടം രാഷ്ട്രീയലോകത്തടക്കം വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രിയാണ് ലളിത. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല.

നാടകവേദി മൂർച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്കാണ് അവസാനമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈയിൽ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച്‌ പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കെപിഎസി ലളിതയെ വെല്ലാൻ ആർക്കും കഴിയുമായിരുന്നില്ല.

മലയാള സിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.

നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button