കോഴിക്കോട്: കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി സി.പി.എം സ്ഥാനാര്‍ഥിയാകും. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനമുണ്ടായത്. ജയസാധ്യതയും പാര്‍ട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും ജില്ലാ ഘടകം അറിയിച്ചു.
കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്-എം കുറ്റ്യാടി സീറ്റ് സിപിഎമ്മിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. കുറ്റ്യാടിയിലെ പ്രതിഷേധം വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സിപിഎം പുനരാലോചനക്കും തയാറാകുകയായിരുന്നു.
അതേസമയം ധര്‍മടത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ഫോര്‍വേര്‍ഡ് ബ്ലോക്ക് തള്ളി. ധര്‍മടത്തിന് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഇവിടെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നത്.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. ഇതിനിടെ, ധര്‍മടം മണ്ഡലത്തില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇ-മെയില്‍ അയക്കുകയും ചെയ്തു. മണ്ഡലത്തില്‍ പിണറായി വിജയനെതിരേ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ധര്‍മടത്ത് മത്സരിക്കുന്ന അദ്ദേഹം രാവിലെ പതിനൊന്നോടെയാണ് കണ്ണൂര്‍ കളക്ട്രേറ്റില്‍ എത്തി വരണാധികാരിക്ക് മുന്നില്‍ പത്രിക സമര്‍പ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയായിരുന്നു പത്രികാ സമര്‍പ്പണം. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയനൊപ്പം എത്തിയിരുന്നു.