കോഴിക്കോട്: വാട്ടര്‍ അതോറിറ്റി നല്‍കിയ വെള്ളത്തിന്റെ ബില്‍ കണ്ട് ഞെട്ടി വീട്ടമ്മ! പിന്നാലെ വീട് പൂട്ടി മകളുടെ വീട്ടിലേക്ക് താമസവും മാറി. കോഴിക്കോട് പട്ടേല്‍താഴത്ത് ഒറ്റയ്ക്കു താമസിക്കുന്ന താജ് മഹല്‍ വീട്ടില്‍ വി സുഹറയ്ക്കാണ് ഉയര്‍ന്ന തുകയുമായി ബില്‍ ലഭിച്ചത്.
ജല അതോറിറ്റി 1,07,282 രൂപയുടെ ബില്ലാണ് നല്‍കിയത്. 10,374 രൂപ ദ്വൈമാസ ജലനിരക്ക് ഇനത്തിലും 96,908 രൂപ അഡീഷനല്‍ തുക ഇനത്തിലുമാണു കാണിച്ചിരിക്കുന്നത്. ഇത്രയും തുകയ്ക്കുള്ള വെള്ളം ഉപയോഗിച്ചിട്ടുമില്ല.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍സി മോയിന്‍ കുട്ടി സുഹറയുടെ ബന്ധുക്കളെ കൂട്ടി ജല അതോറിറ്റി ഓഫീസില്‍ പോയി വിവരം അന്വേഷിച്ചപ്പോള്‍ 20% കുറച്ചു തരാം എന്നാണു മറുപടി ലഭിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള സുഹറയ്ക്കു ബില്‍ അടയ്ക്കാന്‍ ഒരു വഴിയുമില്ല. വീട്ടില്‍ താമസിച്ചാല്‍ ബില്‍ തുക ഇനിയും വര്‍ധിക്കുമെന്നു ഭയന്ന് സുഹറ മാങ്കാവിലെ മകളുടെ വീട്ടിലേക്കു താമസം മാറി.