പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യു വകുപ്പില്‍ നിയമനം; ഉത്തരവ് നേരിട്ടെത്തി കൈമാറി മന്ത്രി

തൃശൂര്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു വകുപ്പിലാണ് നിയമനം. സര്‍ക്കാര്‍ ജോലി നല്‍കുന്നതിന്റെ ഉത്തരവ് റവന്യു മന്ത്രി കെ രാജന്‍, പ്രദീപിന്റെ പുത്തൂരിലെ വസതിയിലെത്തി നേരിട്ട് കൈമാറി.

ശ്രീലക്ഷ്മി എംകോം ബിരുദധാരിയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. പ്രദീപിന്റെ കുടുംബത്തിന് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ ഉത്തരവും മന്ത്രി ഇന്നു കുടുംബത്തിനു കൈമാറി.

കുടുംബത്തിന് സൈനിക ക്ഷേമ നിധിയില്‍ നിന്നു അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു മൂന്ന് ലക്ഷം രൂപയുമാണ് നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News